ആ ബെഞ്ച് മാർക്ക് ഏതാണ്? മാധ്യമ ഉടമകൾ മാസക്കൂലിക്കു നിറുത്തിയിരിക്കുന്ന വാർത്താതൊഴിലാളികൾ അതു പറയില്ല. ഒന്നുകിൽ അവർ അന്വേഷിച്ചില്ല, അറിഞ്ഞില്ല. അല്ലെങ്കിൽ, അറിഞ്ഞിട്ടും പറഞ്ഞില്ല

Posted on: February 16, 2023

അമ്പലത്തറ ദൂരെയാണ് 🌿

കൂടുതൽ കൂലി.
ശരി, സർ.
എത്ര കൂടുതൽ?
💯 കൂടുതൽ.
ശരി, സർ.
പക്ഷേ, സർ, ഏതിനെക്കാൾ കൂടുതൽ?

മർദനത്തിലെ ക്രൂരതകൾ സർ നല്ല മണിമണിയായി പറഞ്ഞുതന്നു.
പക്ഷേ, എന്തിന്, എന്തുകൊണ്ട്, മർദനം? സാറിന്റെ കൈ വിറയ്ക്കുന്നു അല്ലേ?

അതാണു സാറന്മാരെ പ്രശ്നം.
“The press emphasizes the sensational,
rather than the significant.
It emphasizes the exceptional,
rather than the representative.”
അത്രയേയുള്ളൂ.

അമ്പലത്തറയിൽ ഒരു സംഭവം നടന്നാൽ മലയാള മഹാനഗരങ്ങളിലെ മാധ്യമത്തറകളിൽ ‘തൽക്ഷണം’ വിവരമെത്താൻ എത്ര മണിക്കൂർ എടുക്കും? ഇവിടെ 120 മണിക്കൂർ. സംഭവം മർദനം എങ്കിലും മർദിതൻ ആദിവാസി.

ഏതു മുക്കിൽ ഒരു അക്രമം നടന്നാലും അതു കോരിയെടുത്ത് പ്രദർശിപ്പിക്കുന്നതാണു ജേണലിസം എന്ന് ഇന്നു ഞാൻ കരുതുന്നില്ല. അക്രമം റിപ്പോർട്ട് ചെയ്താൽ ക്രമത്തിലേക്ക്, ശരിക്രമത്തിലേക്ക് അതു വഴിചൂണ്ടണം എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ചീത്തയെക്കുറിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നത് നല്ലതല്ലെന്നും അതിന്റെ ദശാംശം സമയമെങ്കിലും നല്ലതു വർണിക്കാനും വാഴ്ത്താനും ശ്രമിക്കുന്ന proactive journalism കൊണ്ടേ ഗുണം ഉള്ളൂ എന്നും വിശ്വസിച്ചുപോയിരിക്കുന്നു.

ഇന്നലെ വെബ്ബിൽ കിട്ടിയത്:
Man attacked for demanding salary hike
— manoramaonline ഡോട് കോം

കൂലി കൂട്ടിച്ചോദിച്ച ആദിവാസി തൊഴിലാളിക്കു ക്രൂരമർദനം
— ടൈംസ് ഓഫ് ഇന്ത്യ (മലയാളം.സമയം .കോം)

100 രൂപ കൂടുതൽ കൂലി ചോദിച്ച ആദിവാസി തൊഴിലാളിക്കു മർദനം
— newsthen ഡോട് കോം

……. എല്ലാം ഒരേ പപ്പുള്ള കോഴികൾ. അതുകൊണ്ട് ഇത് ആ മാധ്യമം വേഴ്സസ് ഈ മാധ്യമത്തിന്റെ പ്രശ്നമല്ല.

കൂടുതൽ കൂലി ചോദിക്കുക എന്നത് അന്യായം ആകുന്നത് എപ്പോഴാണ്? പരമാവധിയെക്കാൾ കൂടുതൽ ആകുമ്പോൾ. നിയമാനുസൃതം അല്ലെങ്കിൽ നാട്ടുനടപ്പിനെക്കാളധികം — രണ്ടും പ്രശ്നമാകാം. ഇവിടെ, ആ ബെഞ്ച് മാർക്ക് ഏതാണ്? മാധ്യമ ഉടമകൾ മാസക്കൂലിക്കു നിറുത്തിയിരിക്കുന്ന വാർത്താതൊഴിലാളികൾ അതു പറയില്ല. ഒന്നുകിൽ അവർ അന്വേഷിച്ചില്ല, അറിഞ്ഞില്ല. അല്ലെങ്കിൽ, അറിഞ്ഞിട്ടും പറഞ്ഞില്ല.

നല്ല എഡിറ്റർമാർ ഇല്ലാത്തതിനാൽ മൊത്തം പോസ്റ്റ്-ട്രൂത്ത് ആണ്, ഫേക്ക് ആണ് എന്ന് ഈ സമൂഹേതര മാധ്യമങ്ങൾ ആക്ഷേപിക്കുന്ന സമൂഹമാധ്യമങ്ങൾ വേണം കാര്യത്തിന്റെ കിടപ്പ് കാണിക്കാൻ. ഇന്നലെ ഫേസ്ബുക്കിൽ വാർത്ത പരന്നയുടൻ ഹൈക്കോടതി അഭിഭാഷകനായ സുഹൃത്ത് Litto Palathingal ഇട്ട പോസ്റ്റിനുതാഴെ, ഞാൻ പറഞ്ഞു: കൂലി കൂട്ടിച്ചോദിച്ചു എന്ന റിപ്പോർട്ടിംഗിൽ അപകടം മണക്കുന്നു. അർഹതപ്പെട്ടതിൽ കൂടുതൽ ചോദിച്ചു എന്നൊരു വല്ലാത്ത ധ്വനി.

ഉടനെ വരുന്നൂ അമ്പതു കൊല്ലം എറണാകുളം നഗരത്തിൽ കഴിഞ്ഞ ശേഷം നാലു വർഷമായി തൊടുപുഴയിൽ താമസിക്കുന്ന അന്നമ്മ മ്ളാവിലിന്റെ Annamma Mlavil മറുപടി: “എന്തിനാ വേണ്ടാത്ത ധ്വനി. ഞങ്ങളുടെ നാട്ടിൽ 900, 1000 വരെ കൂലി ഉണ്ട്. പറ്റാത്തവൻ തനിയെ ചെയ്യട്ടെ.”

അതാണ്.
ആയിരം രൂപ കൂലി കൊടുക്കേണ്ടിടത്ത് അറുനൂറു കൊടുത്തയാളോട് എഴുനൂറു ചോദിക്കുന്നു. ചോദിക്കുന്നവനെ മർദിക്കുന്നു.
അതാണു വാർത്ത.
ആദിവാസി തൊഴിലാളികൾക്ക് നാട്ടിൽ ഇന്നും കിട്ടുന്ന ‘അന്യായക്കൂലി’യുടെ വാർത്ത.
അതേക്കുറിച്ച് അളിഞ്ഞ പീച്ചർ ഉണ്ടാക്കി അവാർഡ് വാങ്ങാൻ ഏതു പത്രത്തിന്റെ മാനേജർമാർ, മാപ്ര എന്ന് അധിക്ഷേപിക്കപ്പെടുന്ന ജീവികളെ പറഞ്ഞയയ്ക്കും?
അതാണു ചോദ്യം.

ജോസ് ടി
2023 ഫെബ്രുവരി 16 (പത്രം വായിക്കാതെ, ചാനൽ കാണാതെ)

Leave a Reply

Your email address will not be published. Required fields are marked *