ഇന്ന് അയാൾ പട്ടണത്തിൽ പറഞ്ഞ സുവിശേഷം
ജോസ്.ടി.തോമസ്
രണ്ടു വ്യാഴവട്ടത്തിലേറെയായി പ്രത്യാശ തിന്നു ജീവിക്കുന്ന ഒരു മനുഷ്യനാണു ഞാൻ. ഏറ്റുമുട്ടലുകളുടെ വ്യാകരണംവച്ചുള്ള വിപ്ലവങ്ങളെല്ലാം അവസാനിച്ച്, സംഭാഷണങ്ങളുടെയും അനുരഞ്ജനത്തിന്റെയുമായ ഒരു പുതിയ യുഗത്തിലേക്കു പുതുതലമുറകൾ വന്നുകൊണ്ടിരിക്കുന്നതായാണ് ഇയാൾ കാണുന്നത്. പഴയ തലമുറയ്ക്ക് അവരുടെ അവസാനത്തെ വിപ്ലവത്തിന്, ഒരു മാനസാന്തരത്തിന്, ഇപ്പോൾ അവസരം കൈവന്നിരിക്കുന്നു. മതങ്ങളെയും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയും വിദ്വേഷരഹിതമായി സൗമ്യമായി ശാന്തമായി പരിശോധിക്കുക എന്നതാണ് ആ അവസരം.
മതങ്ങളെ അവയുടെ ബി നിലവറയിലും സി നിലവറയിലും കടന്നു പരിശോധിക്കുവാൻ വിപ്ലവകാരികൾ പൊതുവെ വിമുഖത കാണിച്ചിരുന്നു. എന്നാൽ, മതവേദശാസ്ത്രങ്ങളുടെ കാര്യത്തിൽ മാത്രമല്ല, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ കാര്യത്തിലും ഇന്ന് അത്തരം പരിശോധനകൾ ആവശ്യമായിരിക്കുന്നു. ഭൂമി ഇനി നമ്മുടെ കുടുംബവീട് ആകുവാൻ അത് ഉപകരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
ചായപ്പൊടി ചൂടാക്കിയാൽ ചായ കുടിക്കുവാൻ കഴിയില്ല. ചായ തിളയ്ക്കാൻ വെള്ളവും വേണം. പൊടികളെക്കുറിച്ചു നമ്മൾ പഠിക്കുകയും ചിന്തിക്കുകയും തർക്കിക്കുകയും ചെയ്തുപോന്നു. വെള്ളത്തിന്റെ കാര്യം മറന്നു. തത്ത്വശാസ്ത്രവും വേദശാസ്ത്രവും പ്രത്യയശാസ്ത്രവും നല്ല പൊടികളാണ്. പക്ഷേ, കുടിക്കാൻ പാകത്തിന
ൽ കിട്ടുന്നത് അവ വെള്ളത്തിൽ ആയിരിക്കുമ്പോഴാണ്. എനിക്ക് അറിയാൻ കഴിഞ്ഞിടത്തോളം, പ്രപഞ്ചത്തിലെ ജീവജലം കരുണയാണ്. കരുണയാൽ കടയപ്പെട്ടാണ് എല്ലാം പരിണമിക്കുന്നത്; നിലനിൽക്കുന്നതുപോലെ കാണപ്പെടുന്നത്.
ഇന്ന് ഇവിടെ ആദരിക്കപ്പെട്ട കൃതി എനിക്കു സമാധാനപുസ്തകമാണ്. 2016-ൽ സാഹിത്യപ്രവർത്തകസഹകരണസംഘം പ്രസിദ്ധീകരിച്ച ‘ഭാവിവിചാര’ത്തിന്റെ പ്രകാശനവേളയിൽ, മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡീൻ പ്രൊഫ. പി. എസ്. രാധാകൃഷ്ണൻ പറഞ്ഞ ഒരു വാക്യം ഞാനോർക്കുന്നു. പിന്നീട് മലയാളം വാരിക അദ്ദേഹത്തിന്റെ നിരൂപണം പ്രസിദ്ധീകരിച്ചപ്പോൾ അത് അവരുടെ ലീഡ് വാക്യം ആക്കുകയും ചെയ്തു. ‘’ഭാവിവിചാരം ജോസ് ടി തോമസിന്റെ സ്വാസ്ഥ്യപുരാണമാണ്”. അതായിരുന്നു ആ നിരീക്ഷണം. ‘ഭാവിവിചാര’ത്തിന്റെ സ്വാസ്ഥ്യത്തിൽ എഴുതപ്പെട്ട ‘’കുരിശും യുദ്ധവും സമാധാനവും’’ എന്റെ സമാധാനപുരാണമാണ്.
ഈ പുരാണത്തിന്റെ നിർമാണകാലത്തെ കുരിശുകൾ മുഴുവൻ താങ്ങിത്തന്ന ജീവിതപങ്കാളി ലീന, ഇതിന്റെ യുദ്ധക്കളത്തിൽ എന്നെ പുതുതലമുറകളുടെ പുതുസമാധാനത്തിലേക്കു നയിച്ച ഞങ്ങളുടെ ഗൈഡും മെന്ററുമായ മകൻ അരവിന്ദ്, ഞങ്ങൾക്കു സ്നേഹസാന്ത്വനമായ മകൾ ഇന്ദു – മൂവരോടും ഈ പുസ്തകത്തിനുള്ള കടപ്പാട് ഞാൻ ആദ്യമേ വിളിച്ചുപറയണം. വൃത്താന്തം വീട്ടിലെ ഞങ്ങളുടെ നിരന്തരമായ സംഭാഷണങ്ങൾ, അതിലെ കൊടുക്കൽവാങ്ങലുകൾ, തിരുത്തലുകൾ, തിരിച്ചറിയലുകൾ — അതാണ് ഈ പുസ്തകത്തിനു പിന്നിലെ എഡിറ്റോറിയൽ റിസർച്ചിന്റെ ഒരു രീതി.
യേശുവിനെയോ ക്രിസ്തുവിനെയോ ക്രിസ്തുമതചരിത്രത്തെയോ വേദശാസ്ത്രങ്ങളെയോ കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ബാല്യത്തിലും കൗമാരത്തിലും വലിയ മോഹമായിരുന്ന ദിനപത്രപ്രവർത്തനം എന്ന തൊഴിൽ മുപ്പത്തേഴാം വയസ്സിൽ ഉപേക്ഷിക്കുമ്പോൾ, അതിനു പത്തുവർഷം മുമ്പ് ഉണ്ടായ ഒരു ഉൾവിളിക്ക് യേസ് പറയുകയായിരുന്നു; ഒരു വിചിത്ര ജേർണലിസത്തിനുവേണ്ടി തയ്യാറെടുത്തു തുടങ്ങുകയായിരുന്നു; ഇന്റർനെറ്റിന്റെ പുതിയ ആഗോള വിനിമയവല ഇന്ത്യയിൽ ഡയലപ്പിലൂടെ സ്റ്റാറ്റിക് പേജുകളായി മണിക്കൂറുകൾ കൊണ്ടു വന്നുതുടങ്ങുക മാത്രം ചെയ്തിരുന്ന അക്കാലത്ത്, ഉദിച്ചുയരുന്ന പുതിയ ലോകത്തെ മുൻദർശിക്കുവാൻ ഈ സാധുവിനെ പ്രാപ്തനാക്കിയത്, പരമമായതു കാരുണ്യം / കരുണാർദ്രസ്നേഹം ആണ് എന്ന ഞങ്ങളുടെ കുടുംബ ബോധോദയം ആണ്; അൻപേ ശിവം എന്ന അറിവിന്റെ അറിവാണത്.
ഗാട്ടും ഡങ്കലും ഡബ്ള്യു.ടി.ഒ.യും മലയാളത്തിൽ ചർച്ചാവിഷയമാകാത്തതിൽ ഞാൻ ഏറെ ദുഃഖിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് “ആഗോള ചന്ത വരുന്നു” എന്നൊക്കെയുള്ള ഉപന്യാസത്തലക്കെട്ടുകൾ കെട്ടി, ഒരു ഇടത്തരം- കൊച്ചു പത്രത്തിലും കൊച്ചുമാസികകളിലും എന്നെക്കൊണ്ടാകാവുന്നതു ഞാൻ ചെയ്തു. അപ്പോഴൊക്കെയും, 1986-ൽ എന്റെ കാലിൽ ചുറ്റിയ ഒരു ഭാവിവാർത്തയുടെ തുമ്പ് എന്നെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു.
‘‘മതങ്ങളുടെ രാഷ്ട്രീയം’’ എന്ന വിഷയത്തെക്കുറിച്ച് തിരുവനന്തപുരത്തു നടന്ന ഒരു സെമിനാറിൽ പങ്കെടുക്കുമ്പോഴാണ് 86-ൽ ആ തുമ്പ് എന്റെ നേർക്കു വന്നത്. അൻപിന്റെ മൂർത്തീരൂപങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞ് ലോക ജനഗണ മനം ശാശ്വതസമാധാനത്തിലാകുന്നതിന്റെ ഒരു ദർശനലഹരി അന്നു ഞാൻ അനുഭവിച്ചുതുടങ്ങിയതാണ്.
പക്ഷേ, ഇരുധ്രുവലോകം മാറി പിന്നാലെ വരുന്നത്, ആഗോള ചന്തയുടേതായ ഒരു ഏകധ്രുവ ലോകമാണോ എന്നു സംശയം. അതു ലോകത്തെ ഒരു ശാശ്വത ചൂഷണക്രമത്തിലാവും എത്തിക്കുകയെന്ന ഭയം. ഈ സംശയവും ഭയവും വളർത്തുന്നതായിരുന്നൂ ന്യൂസ് റൂമിലേക്കു വന്നുകൊണ്ടിരുന്ന രാജ്യാന്തര വാർത്തകൾ.
ഈ വാർത്തകളും അൻപിന്റെ സ്വപ്നലോകവും എങ്ങനെ കൂട്ടിമുട്ടും? അനീതിയും അക്രമവും യുദ്ധവും എങ്ങനെ സമാധാനത്തിനു വഴിമാറും?
ഭയം എന്ന ഒരേയൊരു പാപത്തിൽനിന്നുള്ള മോചനത്തിലൂടെയാണ് അതു സംഭവിക്കുക എന്ന അറിവു വെളിച്ചമാണ്. അത് അഭയമന്ത്രമാണ്. ഈ വെളിച്ചത്തിന്റെ പ്രഭാതരശ്മികൾ ഞങ്ങളുടെ കുടുംബത്തിലേക്കു വന്നുതുടങ്ങിയത്, 1995-96 കാലത്താണ്. അതു തന്ന പ്രത്യാശയാണ്, വീടുവായ്പയുടെ ഇ.എം.ഐ അടയ്ക്കാനുണ്ടായിരുന്നിട്ടും, ഒരാൾ തന്റെ സർക്കാർ ശമ്പളത്തിന്മേൽ ആർഭാടങ്ങളില്ലാതെ വീട്ടുചെലവു നടത്തിക്കൊണ്ട് മറ്റേയാൾ പ്രത്യാശ നിറഞ്ഞ ലോകവാർത്തയുടെ തുമ്പു പിടിച്ചു പോകട്ടെ എന്നു വയ്ക്കാൻ ആ കുടുംബത്തെ തുണച്ചത്. ആ അർത്ഥത്തിൽ സർക്കാർ ഖജനാവിൽനിന്നു സ്പോൺസർ ചെയ്യപ്പെട്ട പുസ്തകമാണ് ഈ ‘’കുരിശും യുദ്ധവും സമാധാനവും’’.
ഒരു multiple-headed thesis പോലെയോ multiple lead ഉള്ള ഒരു ന്യൂസ് സ്റ്റോറി പോലെയോ രൂപപ്പെട്ട ഈ രചനയെക്കുറിച്ച്, എന്റെ മെന്ററും എഡിറ്ററുമായ അരവിന്ദ് പറഞ്ഞതേ എനിക്കും പറയാനുള്ളൂ: ‘’ഇതു സാറാസ് കറി പൗഡർ പോലെ, ഈസ്റ്റേൺ മസാല പോലെ ഒരു കൂട്ട് ആണ്”. ആ കൂട്ടുകൊണ്ട് ഓരോരുത്തർക്കും അവരവരുടെ അഭിരുചികൾക്കൊത്തവിധം പാചകം ചെയ്യാം. ഒടുവിൽ സമാധാനം രുചിക്കണമെന്നതാണ് എന്റെ ആഗ്രഹം. അത് അതിമോഹമല്ലെന്ന് ആദ്യ വായനകൾ സൂചിപ്പിക്കുന്നുണ്ട്. 2019-ൽ ഒരു ഡ്രാഫ്റ്റ് ആയി ഓൺലൈനിൽ പ്രസിദ്ധീകരിച്ചതു മുതൽ ഇതു വായിച്ച എല്ലാ മലയാളികൾക്കും ഞാൻ നന്ദി പറയുന്നു.
മതമെന്നാൽ വേദസംഹിതയും വേദശാസ്ത്രവും വേദശാസ്ത്രപരമായ ആരാധനയും വേദശാസ്ത്രപരമായ സാമൂഹികസംഘാടനവുമാണ്. മാനവ സാംസ്കാരിക പരിണാമത്തിന്റെ ദിശ പരിശോധിച്ചു ഭാവി റിപ്പോർട്ട് ചെയ്യാൻ ആദ്യം മതങ്ങളുടെ നിലവറ തുറന്നു പരിശോധിക്കണം. ആ പരിശോധനയുടെ ടെംപ്ലേറ്റ് ഉണ്ടാക്കുന്നതിന്റെ ഭാഗമായി ആദ്യം ക്രിസ്തുമതത്തെ എടുത്തു. അതിന്റെ വേദസംഹിത, അതിന്മേലുള്ള ദൈവശാസ്ത്രം, ആ ദൈവശാസ്ത്രത്തിന്മേലുള്ള ആരാധന, ഇവയെ ആധാരമാക്കിയ പൗരോഹിത്യസംഘാടനം എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുവാനാണു മുതിർന്നത്. എന്തുകൊണ്ട് ആദ്യം ക്രിസ്തുമതവും ബൈബിളും? ആഗോളവൽക്കരണത്തിനു പിന്നിലെ പ്രബലശക്തി ക്രിസ്തീയത ആണെന്നു ഞാൻ കാണുന്നു; ആ ക്രിസ്തീയതയുടെ ആധാരം ബൈബിളും. അങ്ങനെയാണ് “ഭാവിവിചാരപരമായ സാംസ്കാരിക ചരിത്രനിരൂപണം” എന്ന ടാഗ് ലൈനുള്ള പുസ്തകത്തിൽ യേശുവും ക്രിസ്തുവും ക്രിസ്തുമതവു വന്നു നിറഞ്ഞത്.
ശ്രീയേശുവിനുശേഷം നാലാം നൂറ്റാണ്ടു മുതൽ ആരംഭിച്ച സ്ഥാപനങ്ങളെയും പ്രവണതകളെയും പ്രസ്ഥാനങ്ങളെയും നിർമമമായി വിലയിരുത്തുകയല്ലാതെ, വളർന്നു വികസിച്ച ഇന്നത്തെ മനുഷ്യബോധം വച്ച് പഴയ ആരെയെങ്കിലും കുറ്റം വിധിക്കാൻ ശ്രമിച്ചില്ല എന്നാണെന്റെ വിശ്വാസം. കരുണാകരൻ നമ്പ്യാരുടെയും പി. കെ. ബാലകൃഷ്ണന്റെയും ടി. എ. പീറ്ററുടെയും മുഖപ്രസംഗങ്ങളിൽനിന്ന് കൂർത്തുമൂർത്ത എഴുത്തിന്റെ ധനുർവിദ്യ ശീലിച്ച ഈ ഏകലവ്യൻ, ഒരു കാലത്ത് “ഇന്ത്യൻ രാഷ്ട്രീയത്തിലെ ഞാഞ്ഞൂൽ” എന്നൊക്കെ ആളുകളെ വിശേഷിപ്പിച്ച് തീപ്പൊരിമുഖം കാണിച്ചിട്ടുണ്ട്. ഇന്ന് ആക്ഷേപത്തിന്റെയും കുറ്റാരോപണത്തിന്റെയും കുറ്റപ്പെടുത്തലിന്റെയും ഭാഷ കൈവിടുവാൻ കുറെയൊക്കെ കഴിയുന്നു. എങ്കിലും, പഴയ വേദശാസ്ത്രങ്ങളെക്കുറിച്ച് പറഞ്ഞതിൽ, ഇന്ന് അതേ ശാസ്ത്രങ്ങൾ പിന്തുടരാൻ ശീലിപ്പിക്കപ്പെട്ട ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ഞാൻ കള്ളംകൂടാതെ മാപ്പു ചോദിക്കുന്നു. ആരെയും വേദനിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതേസമയം, ഇന്ദുലേഖയുടെ ടോം എഴുതിയതു ഞാൻ ശ്രദ്ധിച്ചു: ‘’വളരെ ചെറിയൊരു ശതമാനം പുരോഹിതർ ഈ പുസ്തകം വായിക്കുമെന്നും അതിനുശേഷം അവർ പ്രസംഗിക്കുന്ന പുൾപിറ്റുകൾക്ക് തീ പിടിക്കുമെന്നും അങ്ങനെ അവരും അവരെ കേൾക്കുന്നവരും നിലയ്ക്കാത്ത സ്നേഹമായി മാറുമെന്നും ഞാൻ ആശിക്കുകയാണ് “ എന്നാണു ടോം എഴുതിയത്.
മഗ്ദലന മേരി എന്ന മുഖ്യശിഷ്യ കഴിഞ്ഞാൽ യേശുവിന്റെ ഏറ്റവും ശ്രദ്ധേയ ശിഷ്യൻ എന്നു ഞാൻ കരുതുന്ന സിദ്ധ തോമ മരണപ്പെട്ടതിന്റെ വാർഷികം, അന്നു നിലവില്ലാതിരുന്ന ജൂലിയൻ/ഗ്രിഗോറിയൻ കലണ്ടറുകൾ വച്ചു നിശ്ചയിച്ചിരിക്കുന്നത് ഈ ആഴ്ചയാണ്. തോമയുടെ പേരുകാരനായ എന്റെ അപ്പൻ ശാരീരികമായി ഞങ്ങളിൽ നിന്ന് അകന്നതിന്റെ 20-ാം വാർഷികവും ഈയാഴ്ച. അപ്പന്റെ തലമുറയിലെ വിശ്രുത മലയാള നോവലിസ്റ്റ് കാക്കനാടന്റെ സ്മരണാർത്ഥമുള്ള ഈ പുരസ്കാരം അക്ഷരാർത്ഥത്തിൽ വിറയാർന്ന കൈകളോടെ ഏറ്റുവാങ്ങുമ്പോൾ, ഞാൻ എൽ.പി – യു.പി ക്ലാസ്സുകളിൽ പഠിക്കുന്ന കാലത്തുതന്നെ, ഓല മേഞ്ഞ ഞങ്ങളുടെ കൊച്ചുപുരയിലേക്ക് പത്രമാസികകളുടെയും പുസ്തകങ്ങളുടെയും സമൃദ്ധി കൊണ്ടുവന്നു തന്ന അപ്പനെ ഓർക്കണം.
അച്യുതമേനോന്റെ താല്പര്യത്തിൽ ഇന്ത്യൻ ഭാഷകളിലാദ്യമായി മലയാളത്തിൽ എസ്.പി.സി.എസ് മൂലധന പരിഭാഷ കൊണ്ടുവന്നപ്പോൾ അതിന്റെ പ്രീപബ്ലിക്കേഷൻ ഓർഡർ തികയ്ക്കാൻ ഡി.സി ആദ്യമോടിയത് കളരിക്കൽ ബസാറിൽ നിന്ന് തിരുനക്കരയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലേക്കാണ്. അന്നു ചെറിയ ശമ്പളമുള്ള ഒരു ബാങ്ക് ജീവനക്കാരനായിരുന്നിട്ടും, ട്രേഡ് യൂണിയൻ പ്രവർത്തകനെന്ന നിലയിൽ അപ്പൻ മൂലധനത്തിന്റെ മൂന്നു വാല്യങ്ങൾ പത്തു സെന്റിലെ കൊച്ചു വീട്ടിൽ കൊണ്ടുവന്നു. ട്രേഡ് യൂണിയനിലെന്നപോലെ ന്യൂമാൻ അസോസിയേഷനിലും പ്രവർത്തിച്ച അപ്പൻ അക്കാലത്തു നടന്നുവന്ന വത്തിക്കാൻ സൂനഹദോസിന്റെ പ്രമാണരേഖകൾക്ക് ആലുവ സെമിനാരിയിൽനിന്നു പ്രസിദ്ധീകരിച്ച ഭാഷ്യങ്ങളും എത്തിച്ചുതന്നു. വീട്ടുകാര്യങ്ങൾ നേരാംവണ്ണം നടത്താൻ നന്നായി ബുദ്ധിമുട്ടിയിരുന്ന അമ്മ ഇക്കാര്യത്തിലും അപ്പനെ നിർലോഭം പിന്തുണച്ചു. അക്ഷരങ്ങളായിരുന്നൂ ആ ഒന്നരമുറി വീടിന്റെ ദാസ് ക്യാപിറ്റൽ.
‘ഭാവിവിചാര’ത്തിന്റെ സമർപ്പണപ്പേജിൽ എഴുതിയത് ആവർത്തിക്കാൻ എന്നെ അനുവദിക്കുക: ‘’എന്റെ ബാല്യത്തെ സത്യഗ്രഹമിരുത്തിയ ഗാന്ധി; കൗമാരത്തെ തീപ്പിടിപ്പിച്ച ജെ.പി; യൗവനത്തെ ചിന്താവിഷ്ടമാക്കിയ അംബേദ്കർ; ലോകത്തെ അയൽക്കൂട്ടമാക്കിയ ഡി. പങ്കജാക്ഷൻ.’’
ഇപ്പോൾ, ‘’എന്റെ വാർധക്യത്തെ വിവേകപൂർണ്ണമാക്കുന്ന നാരായണഗുരു’’ എന്നു ഞാൻ കൂട്ടിച്ചേർക്കുന്നു.
ഇവിടെയിരിക്കുന്നവരിൽ യുക്തിവാദിയെന്നോ ഭൗതികവാദിയെന്നോ അറിയപ്പെടുന്നതിൽ അഭിമാനിക്കുന്നവർ ഞാൻ ഇനി പറയുന്നതു വിശ്വസിക്കണമെന്നില്ല: ഈ പുസ്തകത്തിന്റെ ഡ്രാഫ്റ്റ് പൂർത്തിയായി അതിന്റെ സമർപ്പണവാക്യം എഴുതിവച്ചതിന്റെ പിറ്റേന്ന്, അതൊന്നുമറിയാതെ, ഏറെ കിലോമീറ്ററുകൾ അകലെയിരുന്നു പ്രാർത്ഥിച്ച ദർശനവരമുള്ള ഒരു കരിസ്മാറ്റിക് സഹോദരി ഫോണിൽ വിളിച്ചു പറഞ്ഞു: “വീടിന്റെ താഴത്തെ കോണിൽ ശ്രീനാരായണഗുരുവിനെ പടത്തിൽ കാണുന്നതുപോലെയുള്ള ഒരു വേഷത്തിൽ സാർ തപസ്സ് ഇരിക്കുന്നതായി പല ദിവസം ഞാൻ കണ്ടു. ഇപ്പോൾ ആ രൂപം ധ്യാനത്തിൽനിന്ന് എഴുന്നേറ്റു.’’
ഈ പുസ്തകം എനിക്കു പഠനപുസ്തകം എന്നതിനെക്കാൾ മനനപുസ്തകമാണ്. സക്കറിയ അതിനെ ആലോചനഗ്രന്ഥം എന്നു വിളിച്ചു. രക്തം വീഴാതിരിക്കാനുള്ള കണ്ണീരിന്റെ ആലോചനാപുസ്തകം.
‘’കുരിശേറുന്ന മർത്ത്യന്റെ കത്തിപ്പടരുന്ന രക്തമാകുന്നു നീ;
പുത്രൻ മടിയിൽ മരിക്കുന്നൊരമ്മതൻ ഇറ്റിറ്റു വീഴുന്ന കണ്ണുനീരാണു ഞാൻ’’ എന്നു പണ്ടു ബാലചന്ദ്രൻ എഴുതി. ഈ പുസ്തകത്തിലെ, ഈ ദയാശില്പത്തിലെ, ഈ പിയത്തയിലെ, മേരി കണ്ണീർ വാർക്കുന്നില്ല. അൻപിന്റെ, ഉയിരിന്റെ, ശാന്തിയുടെ പ്രത്യാശയിൽ പുതിയ മേരിമാർ പുതുതലമുറകളുടെ പുതിയ ലോകത്തെ പ്രസവിക്കുന്നു എന്ന ബോധമാണ് ‘കുരിശും യുദ്ധവും സമാധാനവും’ എഴുതുമ്പോൾ എനിക്കുണ്ടായിരുന്നത്.
നാല്പതു വർഷം മുൻപത്തെ ലിറ്റിൽ മാഗസിൻ പ്രസ്ഥാനത്തിന്റെ സ്പിരിറ്റ് മലയാളത്തിൽ ഇപ്പോഴും പ്രസക്തമാണ് എന്നു കരുതുന്ന ഒരു പഴയ ചെറുപ്പക്കാരനാണു ഞാൻ. അതിനാൽത്തന്നെ, സ്വന്തം വെബ്സൈറ്റിന്റെ ബാനറിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനിറങ്ങുന്ന നേരത്ത് അച്ചടിക്കു പണം തികയാതെ വന്നപ്പോൾ സുഹൃത്തുക്കളുടെ മുന്നിൽ കൈ നീട്ടാൻ മടി തോന്നിയില്ല. കൈത്താങ്ങു തന്ന പഴയ സഹപാഠികൾക്കും മറ്റു സന്മനസ്കർക്കും നന്ദി.
ഈ പുരസ്കാരത്തിലടങ്ങുന്ന കീർത്തി ഞാൻ അരവിന്ദിനു നല്കുന്നു. സമ്മാനത്തുക ഗ്രാമീണ ഗ്രന്ഥശാലകൾക്കു പുസ്തകസമ്മാനപ്പൊതി നൽകാൻ ഉപയോഗിക്കാമെന്ന് ജീവിതപങ്കാളിയോടു ചേർന്നു ഞാൻ തീരുമാനിക്കുന്നു.
പുസ്തകം തിരഞ്ഞെടുത്ത ജൂറിക്കും കാക്കനാടൻ സാഹിത്യപഠന-ഗവേഷണ കേന്ദ്രത്തിനും ഈ ചടങ്ങിന്റെ എല്ലാ സംഘാടകർക്കും, ഈ സമയം ഇവിടെ എന്നോടൊത്ത് ആയിരുന്ന നിങ്ങളെല്ലാവർക്കും നന്ദി, സമാധാനം.