നാലര പതിറ്റാണ്ട് പിന്നിട്ട് ഇന്നും “സുമംഗല ” പ്രവർത്തന രംഗത്ത് തുടർന്നു വരുമ്പോൾ , ഇവിടെ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങൾക്ക് വഴികാട്ടിയായി , തുടക്കമിട്ടു തന്ന ആ വലിയ കലാകാരന്റെ ഓരോ സ്മരണയും ഞങ്ങൾക്ക് വിലപ്പെട്ടതാകുന്നു.
ഇന്നു്, 2022 മെയ് 30, പ്രതിഭാധനനായ ചലച്ചിത്രകാരൻ ജോൺ ഏബ്രഹാമിന്റെ 35-ാം ചരമവാർഷികദിനം. എഴുപതുകളിൽ മികച്ച ചലച്ചിത അവബോധം യുവാക്കളിൽ സൃഷ്ടിയ്ക്കുന്നതിലും , ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ പ്രചരിപ്പിയ്ക്കുന്നതിലും സാധാരണക്കാരുമായി ഒത്തുചേർന്നു് പ്രവർത്തിച്ച്, ഏറേ പ്രേക്ഷകരെ സ്വാധീനിയ്ക്കുവാൻ കഴിഞ്ഞ അതുല്യ പ്രതിഭയായിരുന്നു ജോൺ. വ്യക്തിപരമായ ഒരനുഭവം പങ്കു വെച്ചു കൊളളട്ടെ. കേരളാ യൂണിവേഴ്സിറ്റി യൂണിയൻ 1975 – ൽ , ആദ്യമായി “സിനിമാ വിഭാഗം ” ഉൾപ്പെടുത്തി നെയ്യാർ ഡാമിൽ സംഘടിപ്പിച്ച യുവ സാഹിത്യ ദൃശ്യകലാ ക്യാമ്പിൽ , അടൂർ ഗോപാലകൃഷ്ണൻ , കെ.ജി.ജോർജ്ജ് എന്നിവരോടൊപ്പമാണ് ജോൺ ഏബ്രഹാമിനെ പരിചയപ്പെടുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ക്യാമ്പ് അംഗങ്ങളുടെ മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റുവാൻ അദ്ദേഹത്തിനു് കഴിഞ്ഞിരുന്നു. പിന്നീട് തുടർന്നു പോന്ന സൗഹൃദവും കത്തിടപാടുകളുമാണു്, പിറ്റേ വർഷം തന്നെ കോതമംഗലത്ത് സുമംഗല ഫിലിം സൊസൈറ്റി രൂപം കൊള്ളുവാനും ഉദ്ഘാടകനായി ഇവിടെ പങ്കെടുക്കുവാനും ഇടയാക്കിയതു്. പ്രധാനമായും 35 എം.എം. ചിത്രങ്ങൾ അംഗങ്ങൾക്കായി തീയേറ്ററിൽ ക്രമമായി പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു സൊസൈറ്റിയുടെ പ്രവർത്തനം. നാലര പതിറ്റാണ്ട് പിന്നിട്ട് ഇന്നും “സുമംഗല ” പ്രവർത്തന രംഗത്ത് തുടർന്നു വരുമ്പോൾ , ഇവിടെ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങൾക്ക് വഴികാട്ടിയായി , തുടക്കമിട്ടു തന്ന ആ വലിയ കലാകാരന്റെ ഓരോ സ്മരണയും ഞങ്ങൾക്ക് വിലപ്പെട്ടതാകുന്നു. ഫിലിം സൊസൈറ്റി പ്രവർത്തനങ്ങൾ വഴി ദൃശ്യമാധ്യമരംഗങ്ങളിൽ നിരവധി യുവാക്കൾക്ക്പ്രത്യേക താല്പര്യം ജനിപ്പിയ്ക്കുവാനും , പ്രശസ്തമായ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇവിടെ നിന്നുള്ള അഞ്ചു പേർക്ക് പ്രവേശനം നേടുവാനും വഴിയൊരുക്കുവാനായി എന്നതു് അഭിമാനകരമാണ്. തിരിഞ്ഞു നോക്കുമ്പോൾ സുമംഗല ഫിലിം സൊസൈറ്റിയുടെ സ്ഥാപക അംഗവും, ദീർഘകാലം സെക്രട്ടറിയുമായിരുന്ന ഒരാൾ എന്ന നിലയിൽ എനിയ്ക്ക് വളരെ ചാരിതാർഥ്യമുണ്ട്. ജോൺ സാർ പകർന്നു തന്ന
മികച്ച സിനിമാ സങ്കല്പങ്ങൾ, ഞങ്ങളുടെ പ്രിയപ്പെട്ട കെ.എം. കമൽ , ബി.അജിത് കുമാർ , മധു നീലകണ്ഠൻ എന്നീ പ്രതിഭാശാലികളിലൂടെ പുതിയ മാനങ്ങൾ കൈവരിയ്ക്കുന്നു എന്നതും
ഏറെ സംതൃപ്തിയ്ക്ക് വക നൽകുന്നു.