ഹൃദയത്തില്‍ നിന്ന് നന്ദിയോടെ….
ജോസഫ് തെക്കൂടൻ
നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ഇന്ന് പരിസമാപ്തി കുറിക്കുകയാണ്. സ്വാഗതം എന്ന മൂന്നക്ഷരംകൊണ്ട് എന്നെ സ്വീകരിച്ച ദീപികയോട് ഞാനിന്ന് വിട എന്ന രണ്ടക്ഷരത്തിലേക്കുള്ള യാത്രയുടെ ദൂരത്തിന് 36 വര്‍ഷങ്ങള്‍..
ദീപികയുടെ കൊച്ചി യൂണിറ്റില്‍ സര്‍ക്കുലേഷന്‍ മാനേജര്‍ ആയിരുന്നപ്പോഴുള്ള ജീവിതത്തിലെ നാടകീയ മുഹൂര്‍ത്തം ഓര്‍ക്കുന്നു. 1995 മേയ് 25 നാണ് സംഭവം. അന്നതെ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.കെ. ഏബ്രാഹം എറണാകുളത്ത് പത്ര ഏജന്റുമാരുടെ മീറ്റിംഗ് വിളിച്ചിരിക്കുന്നു. അന്നു തന്നെ കരുവന്നൂരില്‍ എന്റെ ഒത്തു കല്യാണമാണ്. ഞാന്‍ മീറ്റിംഗിന്റെ തിരക്കില്‍.. എന്നെ കാണാതെ വീട്ടുകാരും ബന്ധുക്കളും എന്നെ തുരുതുരാ വിളിച്ചുകൊണ്ടിരിക്കുന്നു. രാവിലെ 11 മണിക്ക് ഏജന്‍സി കോണ്‍ഫറന്‍സ് ആരംഭിച്ചപ്പോള്‍ ആരോ എംഡിയോട് വിവരം പറഞ്ഞു. അദ്ദേഹം ആദ്യം അമ്പരുന്നു. പിന്നെ എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. പിന്നെ ഒത്തുകല്യാണത്തിന് സമയത്ത് എത്താന്‍ വേണ്ടി എംഡി സ്വന്തം വാഹനത്തില്‍ കയറ്റി അയച്ച സംഭവം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.
ഇരിങ്ങാലക്കുട മേഖലയില്‍ ലേഖകൻ ഇല്ലാത്ത സമയത്ത് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാട്ടില്‍ അക്രമം അഴിച്ചുവിട്ട സാമൂഹ്യവിരുദ്ധര്‍ക്കു നേരെ വാര്‍ത്ത ദീപികയില്‍ കൊടുത്തതിനു പിന്നാലെ അന്ന് രാത്രി ഇരിങ്ങാലക്കുടയില്‍ നിന്നു പോകുമ്പോള്‍ ഈ ഗുണ്ടകള്‍ എന്നെ വളഞ്ഞിട്ട് ആക്രമിച്ചു. ഭാഗ്യംകൊണ്ട് നിസാര പരിക്കുകളെ ഉണ്ടായുള്ളൂ.
ക്രിക്കറ്റിലെ നീണ്ട ഇന്നിംഗ്സ് പോലെ 36 വര്‍ഷം നീണ്ട ദീപികയിലെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഇന്ന് വിരമിക്കുമ്പോള്‍ ഇത്തരം നൂറുകണക്കിന് ഓര്‍മകളുടെ കടലിരമ്പങ്ങള്‍ മനസിലുണ്ട്.
1986 മാര്‍ച്ചിലാണ് ഇരിങ്ങാലക്കുട ഏരിയയില്‍ ഓര്‍ഗനൈസറായി ദീപിക എന്ന മലയാളത്തിന്റെ മൂന്നക്ഷരത്തിലേക്ക് കടന്നുവന്നത് ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. തൃശൂര്‍ സെന്റ് തോമസ് കോളജിലെ ബി.കോം പഠനശേഷം കെ.സി.വൈ.എം. സംഘടനാ പ്രവര്‍ത്തനവും, രാഷ്ട്രീയവുമായി നടക്കുന്ന അവസരത്തിലാണ് അവിചാരിതമായി ഈ ചുമതല ഏറ്റെടുത്തത്. ഫാ. ചെറിയാന്‍ തലക്കുളവും ഫാ. സേവ്യര്‍ കിഴക്കേമല്യേലവുമായിരുന്നു അന്നത്തെ തൃശൂരിലെ സാരഥികള്‍. സംഘടനാ പ്രവര്‍ത്തനത്തിലും, രാഷ്ട്രീയത്തിലും സജീവമായതിനാല്‍ ദീപികയിലെ മാര്‍ക്കറ്റിംഗ് രംഗത്ത് പെട്ടെന്ന് തന്നെ ശോഭിക്കാന്‍ കഴിഞ്ഞത് നന്ദിയോടെ ഓര്‍ക്കുകയാണ്.
ആദ്യകാലത്ത് കോട്ടയത്തു നിന്ന് വരുന്ന പത്രമായിരുന്നു. 30 ഓളം വീടുകള്‍ സ്ഥിരമായി കയറി വര്‍ക്കുചെയ്തിരുന്നു. ആ വര്‍ഷം നവംബര്‍ ഒന്നിനായിരുന്നു തൃശൂരില്‍ പ്രിന്റിംഗ് ആരംഭിച്ചത്. ആ കാലഘട്ടത്തില്‍ അന്നത്തെ റസിഡന്റ് മാനേജര്‍ ഫാ. ജോസ് ചിറ്റിലപ്പിള്ളി cmi യുടെ നേതൃത്വത്തില്‍ ഇടവകകള്‍ തോറും ദീപിക സുഹൃത് സമിതികള്‍ രൂപീകരിക്കാന്‍ കഴിഞ്ഞു. 1988 ല്‍ തൃശൂരിലേക്ക് പ്രവര്‍ത്തന മേഖല മാറി. 1990 ല്‍ പാലക്കാട് ജില്ലയില്‍ സര്‍ക്കുലേഷന്‍ ചുമതല കിട്ടി. 1992 ഏപ്രില്‍ ആറിന് രാഷ്ട്രദീപിക തൃശൂരില്‍ നിന്ന് പ്രിന്റിംഗ് ആംരഭിച്ചു. അന്നാളില്‍ തൃശൂരില്‍ സര്‍ക്കുലേഷന്‍ മാനേജരായിരുന്ന വി.സി. സെബാസ്റ്റ്യനോടൊപ്പം ചേര്‍ന്ന് രാഷ്ട്രദീപിക തൃശൂരും പാലക്കാട് വളര്‍ത്തുന്നതിനും അവസരമൊരുങ്ങി. പിന്നീട് പാല – കാഞ്ഞിരപ്പിള്ളി റീജിണല്‍ ഏക്‌സിക്യൂട്ടീവ് ആയി നിയമിതനായി. ഒരു തൃശൂക്കാരന് എങ്ങനെയാണ് പാലക്കാര്‍ ഉള്‍ക്കൊള്ളുക എന്ന ആശങ്കയിലാണ് ഞാന്‍ പാലയിലെത്തിയത്. പക്ഷേ ഏജന്റുമാരുടെയും ജനങ്ങളുടെയും പിന്തുണ വളരെ വലുതാണ്. ഒമ്പതുമാസംകൊണ്ട് 50 ശതമാനത്തോളം കോപ്പികള്‍ വര്‍ധിക്കാനും പിന്നീട് ദീപികയുടെ നെടുംതൂണുകളായി മാറിയ ഒരു ടീമിനെ അവിടെ വച്ച് വളര്‍ത്തിയെടുക്കാനും സാധിച്ചതും ഈ കാലഘട്ടത്തിലാണ്.
ഇതോടൊപ്പം ഓര്‍ത്തെടുക്കുന്ന ഒന്നാണ് ദീപിക വികസന നിധി സമാഹരണം. പാലയില്‍ നിന്നും ഇരിങ്ങാലക്കുടയില്‍ നിന്നും വികസന നിധിയിലേക്ക് നല്ലൊരു തുക കണ്ടെത്താന്‍ സാധിച്ചതും നന്ദിയോടെ ഓര്‍ക്കുന്നു. ദീപികയിൽ കര്‍ഷക സംഗമം എന്ന പേരിട്ടതും പാല പൈകയില്‍ വിപുലമായ ഒരു കര്‍ഷക സംഗമം സംഘടിപ്പിക്കാനയതും, ആയതിന് കൊച്ചിയിലുള്ള രമണിക സില്‍ക്കിന്റെ ഒരു ലക്ഷം രൂപയുടെ പരസ്യം കണ്ടെത്താനായതും അഭിമാനത്തോടെ സ്മരിക്കുന്നു.
1992 നവംബറില്‍ കൊച്ചിയിലേക്ക് ബിസിനസ് എക്‌സിക്യൂട്ടീവ് ആയി. എളമക്കരയിലായിരുന്നു ഓഫീസ്. രാഷ്ട്രദീപിക മാത്രമായിരുന്നു പ്രിന്റിംഗ്. ബിസിനസ് ദീപികയുടെ ഓഫീസും അവിടെ തന്നെ. ടി.സി. മാത്യു, ഏറ്റുമാനൂര്‍ ജോസഫ് മാത്യു, ബാബു കദളിക്കാട് തുടങ്ങിയ ഉന്നതരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു അനുഭവമായിരുന്നു.
അന്ന് ദീപികയുടെ MD ഡോ. പി.കെ. അബ്രാഹം കൊച്ചിയിലായിരുന്നു. കുറഞ്ഞ കോപ്പികള്‍ മാത്രമുണ്ടായിരുന്ന രാഷ്ട്രദീപിക അഞ്ചുമാസംകൊണ്ട് 5000 കോപ്പിയാക്കി വര്‍ധിപ്പിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി ഇന്നും കരുതുന്നു. കൊച്ചി എഡിഷന്റെ പ്രവര്‍ത്തനത്തിനും പുതിയ കൊച്ചി ദീപികയുടെ സര്‍ക്കുലേഷന്‍ വര്‍ക്കുകള്‍ക്കും നേതൃത്വം നല്‍കാന്‍ കഴിഞ്ഞതും ഓര്‍ക്കുകയാണ്.
1993 ല്‍ ucm പോസ്റ്റ് കിട്ടിയത്. പല യൂണിറ്റുകളില്‍ നിന്ന് 30 ഓളം പേരുള്ള ടീമിനു നേതൃത്വം നല്‍കി സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഈ കാലയളവില്‍ 60 ഓളം പേരില്‍ നിന്നായി ആയിരത്തോളം ഷെയറുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു.
1996 ഒക്ടോബറില്‍ തൃശൂര്‍ ucm ആയി തിരിച്ചുവന്നു. ഡിസംബര്‍ മാസത്തില്‍ ആരംഭിച്ച Dream 97 എന്ന പദ്ധതിയിലൂടെ മൂന്നുമാസംകൊണ്ട് 5000 വാര്‍ഷിക വരിക്കാരെ കണ്ടെത്താന്‍ കഴിഞ്ഞത് വന്‍ നേട്ടമായി. 2002 ല്‍ തൃശൂരില്‍ പ്രിന്റിംഗ് നിര്‍ത്തി ദീപിക പ്രിന്റിംഗ് കൊച്ചിയിലേക്കു മാറ്റിയതിനാല്‍ പത്രം വൈകാതിരിക്കാന്‍ പല ദിവസങ്ങളിലും പ്രസിലായിരുന്നു വാസം.
ഇതിനിടെ രണ്ടുതവണ VRS അവസരങ്ങളുണ്ടായിരുന്നിട്ടും ദീപികയെ വിട്ടുപോകാന്‍ മനസുവന്നില്ല. 2007 നവംബറില്‍ സഭ പത്രം തിരിച്ചു പിടിക്കാന്‍ വേണ്ടിയുള്ള കഠിന പരിശ്രമത്തില്‍ ദീപികയ്ക്കുവേണ്ടി പണം സ്വരൂപിക്കാന്‍ ഫാ. റോയി കണ്ണന്‍ചിറയ്‌ക്കൊപ്പം തൃശൂരില്‍ നിന്നും നിരവധി വ്യക്തികളെ നേരില്‍ കാണുകയും പരമാവധി തുക ശേഖരിക്കാനും സാധിച്ചു. 2008 ല്‍ സഭയുടെ നിയന്ത്രണത്തിലായ ദീപികയുടെ തൃശൂര്‍ RM ആയി അധിക ചുമതലയേറ്റു. ഈ കാലയളവില്‍ പല ഇടവകകളിലും സമ്പൂര്‍ണ ഇടവകകളായി കോപ്പി നാല് ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. 2009 ല്‍ ഇരിങ്ങാലക്കുട രൂപതയിലും പിന്നീട് തൃശൂര്‍, പാലക്കാട് രൂപതകളിലും ഗോള്‍ഡ് കോയിന്‍ സ്‌കീം നടപ്പിലാക്കി വാര്‍ഷിക കോപ്പികള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. 2009 ഒക്ടോബറില്‍ ബഹുമാനപ്പെട്ട വര്‍ഗീസ് പാത്താടന്‍ അച്ചന്‍ മാനേജരായി വന്നപ്പോഴും, അതിനുശേഷം വന്ന ആന്റോ ചുങ്കത്ത് അച്ചനോടൊപ്പവും എല്ലാ ഞായറാഴ്ചകളിലും ഓരോ ഇടവകകളില്‍ പോയി വര്‍ക്ക് നടത്താന്‍ സാധിച്ചതും നേട്ടങ്ങളായി കരുതുന്നു.
കഴിഞ്ഞ 36 വര്‍ഷക്കാലം ദീപികയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ MD മാരായിരുന്ന ബഹുമാനപ്പെട്ട വിക്ടര്‍ നരിവേലി അച്ചന്‍ മുതല്‍, മാത്യു ചന്ദ്രന്‍കുന്നേല്‍ അച്ചന്‍ വരെയുള്ളവരെയും, ഫാ. ലൂക്കോസ് പറയരുതോട്ടം മുതല്‍ ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ ഫാ. ജിനോ പുന്നമറ്റം വരെയുള്ള സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍മാരോടും തൃശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, രാമനാഥപുരം രൂപതകളിലെ DFC കോര്‍ഓര്‍ഡിനേറ്റര്‍ വരെയുള്ളവരെയും നന്ദിയോടും, സ്‌നേഹത്തോടെയും ഓര്‍ക്കുകയാണ് ഇപ്പോള്‍.
അതുപോലെ തൃശൂരിലെ RM ആയി സ്ഥാനമൊഴിഞ്ഞ റാഫേല്‍ അച്ചന്‍, ഇപ്പോഴത്തെ RM ജിയോ അച്ചന്‍, ജോമോന്‍ അച്ചന്‍ എന്നിവരുടെ സഹകരണം നന്ദിയോടെ ഓര്‍ക്കുന്നു.
കഴിഞ്ഞ വര്‍ഷം സര്‍ക്കുലേഷനില്‍ വലിയ വര്‍ദ്ധനവിന് അരങ്ങൊരുക്കിയ റാഫേല്‍ അച്ചനടക്കമുള്ള ജിയോ അച്ചന്‍, ജോമോന്‍ അച്ചന്‍ എന്നിവരുടെ നേതൃത്വം ഒരിക്കലും മറക്കാനാവില്ല.
വിട എന്ന വാക്കിന് പകരം നന്ദി എന്ന രണ്ടക്ഷരം കൊണ്ട് ഈ ഓര്‍മ്മകുറിപ്പ് നിര്‍ത്തുന്നു. ദീപികയോടൊത്തുള്ള അനുഭവങ്ങള്‍ എന്റെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നു. ഇവിടെ നിന്ന് വിരമിച്ചാലും എന്റെ മരണം വരെ ആ ഓര്‍മ്മകള്‍ എന്നോടൊപ്പം ഉണ്ടാകും….
അതേ.. ദീപികയുടെ ചില്ലയിലാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ പൂത്തത്…
നന്ദി…. നന്ദി…. ഒരുപാട്….
ജോസഫ് തെക്കൂടൻ