രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ഏതൊരാളുടേയും സ്വപ്നം , കൊടി വച്ച കാറിൽ മുന്നിലും പിന്നിലും പോലീസ് അകമ്പടിയോടെയോടെ അധികാര ഗർവ്വോടെയുള്ള സുഖയാത്രയാണ്.
ഇക്കാര്യത്തിൽ പാർട്ടി ഭേദമില്ല.. എല്ലാം ഒരേ തൂവൽ പക്ഷികൾ.
ഒരു സ്ഥാനത്ത് എത്തിപ്പെട്ടാൽ ആ സ്ഥാനം ഉറപ്പിച്ചു നിർത്താൻ ഏതു ഹീന മാർഗ്ഗവും അവർ സ്വീകരിക്കും…..
ജീവിതത്തിൽ അസുലഭമായ നേട്ടങ്ങൾ കൈവരിച്ച് ജനഹൃദയങ്ങളിൽ സ്ഥാനം നേടിയവരാരും മറ്റുള്ളവരെ പരിഹസിച്ചും ആക്ഷേപിച്ചും പഴി പറഞ്ഞും സമയം പാഴാക്കിയവരല്ല.
ജന്മസിദ്ധമായി ലഭിച്ച അല്ലെങ്കിൽ നിരന്തര അദ്ധ്വാനത്തിലൂടെ ആർജ്ജിച്ച കഴിവുകൾ സമ്പൂർണ്ണമായി ഉപയോഗിച്ച് ഉന്നതങ്ങളിൽ എത്തിയവരാണ്.
രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ ആദരണീയ വ്യക്തിത്വങ്ങൾ നിറഞ്ഞു നിന്ന ഒരു കാലം നമുക്കുണ്ടായിരുന്നു.
അക്കാലത്ത് ആ മേഖലകൾ സമ്പുഷ്ടമായിരുന്നു ; മഹനീയവുമായിരുന്നു.
അണികളുടെ മേൽ അധികാരവും ആധിപത്യവും സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന നേതാവ് അടിമകളെ സൃഷ്ടിച്ച് നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് സഞ്ചരിക്കുന്നവനാണ്.
മറ്റുള്ളവരെ മുഖ്യധാരയിലേക്കോ ഒപ്പമോ കൊണ്ടുവരാനും അവരുടെ താൽപ്പര്യങ്ങൾ ഉൾക്കൊള്ളാനുള്ള മനസ്സുണ്ടാവുകയും ചെയ്യുമ്പോൾ മാത്രമാണ്, നേതാവിന്റെ സാന്നിധ്യം അണികളിൽ വിശ്വാസവും സ്നേഹവും തന്റേടവും വളർത്തുന്നത്…
സ്വന്തം വളർച്ചയ്ക്കും താൽപര്യങ്ങൾക്കും വിഘാതമായിത്തീരുമെന്നു കരുതി തന്റെ പാർട്ടിയിൽ ഉള്ളവർക്കെതിരെ പോലും അണികളെ സംഘടിപ്പിച്ച് ദുഷ്പ്രചരണം നടത്തുന്നവൻ നേതാവ് ആകുന്നതെങ്ങിനെ…?
നേതാവിന്റെ നിലപാടുകളും ഇടപെടലുകളും സ്നേഹ മസൃണവും നീതിയുക്തവും ഉദാത്തവുമാണെന്ന് അണികൾക്ക് ബോദ്ധ്യപ്പെടുമ്പോൾ മാത്രമേ ആ നേതാവിനെ ഹൃദയങ്ങളിൽ കുടിയിരുത്താൻ അവർ തയ്യാറാകൂ…..
ഏതു ദുർഘട സന്ദർഭങ്ങളിലും സുതാര്യമായും പൂർണ്ണതയോടെയും ആത്മാർത്ഥതയോടെയും പെരുമാറാൻ ശ്രമിച്ചാൽ തന്റെ കഴിവിന് അനുസൃതമായ സ്ഥാനമാനങ്ങൾ ലഭിക്കുമെന്ന പ്രത്യാശയാണ് നേതാക്കൾക്കും ഓരോ പ്രവർത്തകനും ഉണ്ടാകേണ്ടത്.
ഒരിക്കൽ കൂടി പറയട്ടെ…
മറ്റുള്ളവർക്കു നേരെ കുരച്ചു ചാടിയും മുറുമുറുത്തും പഴി പറഞ്ഞും നടന്നവർ ഒരിക്കലും ജനമനസ്സുകളിൽ നേതാവായിട്ടില്ല…
അവർ മോഹിച്ച ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിയിട്ടുമില്ല….
ഉദാഹരണങ്ങൾ ഏറെയുണ്ട്.
ചുറ്റും കണ്ണോടിച്ചാൽ മാത്രം മതി.
The art of leadership …consists in consolidating the attention of the people against a single adversary and taking care that nothing will split up that attention.
ഒരു പുലർകാല സദ്ചിന്ത.
സുപ്രഭാതം…
ശ്രീമൂലനഗരം മോഹൻ.