തിളച്ചു വെന്ത പായസം തുളുമ്പിത്തൂകിയ പാത്രത്തിനടുത്തിരുന്ന്, ഒന്നു വീശാൻ കൈവിശറി പോലുമില്ലതെ അവർ വീണ്ടും എന്തൊക്കെയോ പിറുപിറുത്തുകൊണ്ടേയിരുന്നു.
CP Rahaaekharan Pillai

ആറ്റുകാൽ പൊങ്കാല ദിവസം തിരുവനന്തപുരത്തെ സഹപ്രവർത്തകരെ വിളിച്ച് സ്പെഷ്യൽ ചിത്രങ്ങളുടെ സാധ്യത ആരാഞ്ഞിരുന്നു.
കുറേ ചിത്രങ്ങൾ കിട്ടി.
അതിലൊന്നും ഈ ചിത്രം കണ്ടില്ല. മറ്റു പല പത്രങ്ങളിലും വന്നതുമില്ല.
ഇന്നലെ (വ്യാഴം) സോഷ്യൽ മീഡിയയിലൂടെ ഈ മനോഹരമായ ഫോട്ടോഗ്രാഫ് വൈറലായി.
ചിത്രത്തിൽ ചിരിച്ചിരിക്കുന്ന ആൾ മുൻകൂട്ടി തീരുമാനിച്ചിരുന്നെങ്കിൽ ഇന്ത്യയിലെ മുഴുവൻ പത്രങ്ങളും ഒരു പക്ഷേ, ഒന്നാം പേജിൽത്തന്നെ പ്രസിദ്ധപ്പെടുത്തുമായിരുന്നു. വാർത്തകളിൽ നിറയാതെ നിറഞ്ഞ ഈ നിറചിരി വീക്ഷണം (ഓൺലൈൻ) വാർത്തയാക്കിയതാണ് താഴെ. വായിച്ചു തീരുമ്പോൾ ചുമ്മാതൊന്നോർത്തേ, നമ്മളിൽ എത്ര പേർക്കുണ്ടാകും, ഈ ലാളിത്യം?
തിരുവനന്തപുരം: നിങ്ങൾ എവിടുന്നാ?
ബെംഗളൂരുവിൽ നിന്ന്.
ഈ ചോദ്യത്തിനും ഉത്തരത്തിനും ഇടയിലൂടെയാണ് ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയ മുഴുവൻ ഓടിക്കളിച്ചത്. അതാണിപ്പോൾ ഏറെ വൈറലായതും.
ചോദ്യം ചോദിച്ചത് ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയ ഒരു വനിത. ഉത്തരം പറഞ്ഞതും അടുത്തിരുന്ന് അതേ ചടങ്ങിനെത്തിയ വേറൊരു വനിത.
രണ്ടു പേരും പൊരിവെയിലത്ത് വെറും നിലത്തിരുന്നാണ് പൊങ്കാല ഇട്ടത്. പരസ്പരമുള്ള കൂട്ടല്ലാതെ വേറേ ആരും അവർക്കൊപ്പമുണ്ടായിരുന്നില്ല.
എന്തെങ്കിലും ജോലിയുണ്ടോ?
അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല.
ഭർത്താവ്?
ബിസിനസ് ആണ്.
മക്കൾ?
ഒരു മകനും മകളുമുണ്ട്. മകൾ ബ്രിട്ടനിലാണ്.
മരുമകൻ എന്തു ചെയ്യുന്നു?
അവിടെ രാഷ്‌ട്രീയത്തിലാണ്.
ചോദ്യങ്ങൾ ചോദിച്ചയാളിനു സന്തോഷമായി.
ഇവിടെ എന്റെ മകനും രാഷ്‌ട്രീയത്തിലാണ്. പഞ്ചായത്ത് മെംബർ.
തിളച്ചു വെന്ത പായസം തുളുമ്പിത്തൂകിയ പാത്രത്തിനടുത്തിരുന്ന്, ഒന്നു വീശാൻ കൈവിശറി പോലുമില്ലതെ അവർ വീണ്ടും എന്തൊക്കെയോ പിറുപിറുത്തുകൊണ്ടേയിരുന്നു.
അതിനിടെ ചലച്ചിത്ര താരം ചിപ്പിയുടെ കണ്ണുകൾ ഉത്തരം പറഞ്ഞുകൊണ്ടിരുന്ന വൃദ്ധയുടെ മേൽ ഉടക്കി.
“മാം, സുധാ മൂർത്തി?”
ചിപ്പി ചോദിച്ചു.
നിറഞ്ഞ ചിരിയായിരുന്നു മറുപടി.
അതേ, ഇതു സുധാ മൂർത്തി തന്നെ.
ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർ പേഴ്സൺ.
അവരുടെ ആസ്തി മാത്രം ഏകദേശം 24,000 കോടി രൂപ.
സ്വകാര്യ അംഗരക്ഷകരടക്കം വലിയ സുരക്ഷാ സംവിധാനങ്ങളുള്ള വിശ്വ വനിത.
എന്നിട്ടും ലക്ഷങ്ങളിലൊരാളായി, ഒരു കടാലാസ് തുണ്ടു പോലും വിരിക്കാതെ, വെറും നിലത്തിരുന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടുന്നു.
എന്തേ ഇങ്ങനെ?
“വിശ്വാസം. അതല്ലേ എല്ലാം.
ആദ്യമായാണ് ആറ്റുകാലിൽ. ഏറ്റവും കൂുതൽ വനിതകൾ പങ്കെടുക്കുന്ന ഉത്സവമല്ലേ, വരണമെന്നു തോന്നി. വന്നു. വലിയ സന്തോഷം.”
രാവിലെ എട്ടിന് ഇരുന്ന ഇരുപ്പാണ്. പൊങ്കാല നേദിച്ചു കഴിഞ്ഞപ്പോൾ മൂന്നു മണിയായി. പൊങ്കാലക്കലവും ചുമലിലെടുത്ത് നഗ്നപാദയായി സുധാ മൂർത്തി നടന്നു നീങ്ങി.
ഇന്ത്യയിലെ അതിസമ്പന്നനായ വ്യവസായി എൻ. ആർ. നാരായണ മൂർത്തിയുടെ ഭാര്യ! ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ അമ്മ!!