മാധ്യമ ചരിത്രത്തിലെ ഒരു അപൂർവ്വ കൂടിച്ചേരലിന് രണ്ടായിരത്തി ഇരുപത്തിമൂന്നിലെ റിപ്പബ്ലിക്ക് ദിനത്തിൽ ചരിത്രം ഉറങ്ങുന്ന പയ്യാമ്പലം ബീച്ച് സാക്ഷ്യം വഹിച്ചു.
മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് കേരളം കണ്ട വലിയൊരു മാധ്യമ വിപ്ലവത്തിന് പങ്കാളികൾ ആയവരുടെ സൗഹൃദ സംഗമം ആയിരുന്നു അത്.
ലോകത്തിന്റെ നാനാ കോണുകളിൽ നിന്നും മാധ്യമ രംഗത്തെ വിവിധ മേഖലകളിൽ നിന്നും കണ്ണൂരിലെത്തിയ എല്ലാവരും പതിറ്റാണ്ടുകൾക്ക് മുൻപ് ആർജിച്ച ഉത്സാഹവും ആവേശവും തങ്ങളുടെ ജീവിതങ്ങളിൽ നിലനിർത്തിയിരുന്നു.
ഇനിയും ഒരു യുദ്ധത്തിന് ബാല്യവും ബാധ്യതയും സാധ്യതയും ഉണ്ട് എന്ന് എല്ലാവരുടെയും മുഖത്ത് വ്യക്തമായിരുന്നു.
തൊണ്ണൂറ്റി രണ്ടു മുതൽ തൊണ്ണൂറ്റിയാറ് വരെ നടന്ന മലയാള മാധ്യമ ചരിത്രം അതുവരെ കാണുകയും കേൾക്കുകയും ചെയ്യാതിരുന്ന മാധ്യമ സാമൂഹ്യ വിപ്ലവത്തിന് നേതൃത്വം വഹിച്ച ഡോ. പി കെ എബ്രഹാം ഈ കൂടിച്ചേരലിലും വലിയൊരു ആവേശം ആയി മാറി.
കണ്ണൂർ ദീപിക എഡിഷന്റെ പ്രൊജക്റ്റ് ഓഫീസർ ആയിരുന്ന സുനിൽ ഞാവള്ളി ഈ അപൂർവ സംഗമത്തിനും വഴിയൊരുക്കി. അന്നത്തെ റസിഡന്റ് മാനേജർ ആയിരുന്ന ടി എ സെബാസ്റ്റ്യൻ ജീവിത വിജയത്തിന്റെ ഒറ്റമൂലി എല്ലാവർക്കും പങ്കുവച്ചു.
മാറുന്ന മാധ്യമ രംഗത്തെ കുറിച്ചും ഉയർന്നുവരുന്ന പുനർ വിപ്ലവ സാധ്യതകളെ കുറിച്ചും ഗ്ലോബൽ ടി വി ചെയർമാൻ എൻ വി പൗലോസ് സൂചന നൽകി.
പ്രതിസന്ധികൾ ജീവിത വിജയം ആക്കി മാറ്റിയ അല്ലെങ്കിൽ പ്രതിസന്ധികൾ ജീവിത വിജയം ആയി മാറിയ കഥകൾ ആയിരുന്നു എല്ലാവർക്കും പറയാൻ ഉണ്ടായിരുന്നത്.
ഉത്സാഹം ആണ് ഏറ്റവും വലിയ മൂലധനം എന്ന് ഡോ. പി കെ എബ്രഹാം പറഞ്ഞത് എല്ലാവരും ശരിവച്ചു. ഈ കൂട്ടായ്മ മുന്നോട്ടു കൊണ്ട് പോകുന്നതിനെ ക്കുറിച്ചും ചർച്ചകൾ നടന്നു.
ഏതെങ്കിലും ഒരു നന്മയുടെ പരിപോഷണത്തിനോ അല്ലെങ്കിൽ ഏതെങ്കിലും ഒരു തിന്മയുടെ അടിത്തറ തകർക്കുന്നതിനോ ആവണം ഇനി ഒരു മാധ്യമ വിപ്ലവത്തിന്റെ ലക്‌ഷ്യം എന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഒരുമിച്ച് മുന്നോട്ട് എന്ന ആശയവും അദ്ദേഹം വിശദീകരിച്ചു. ഓരോ പ്രവർത്തനങ്ങൾക്കും ഓരോ ടീമുകൾ. എല്ലാവരും ഒരു കുടക്കീഴിൽ ഒറ്റക്കെട്ടായി മുന്നോട്ടു. പ്രവർത്തന സ്വാതന്ത്ര്യവും പ്രവർത്തന മികവിന് അംഗീകാരവും പ്രതിഫലവും. ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന നിരവധി ആശയങ്ങളുടെ ഒരു വേദി ആയി ഈ അപൂർവ്വ സംഗമം.